അബുദാബി : സാന്ത്വന പരിചരണത്തിൻ്റെ അനിവാര്യത വ്യക്തമാക്കി യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബി യിൽ തുടങ്ങി. ബുർജീൽ ഹോൾഡിംഗ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺ ലൈനിലൂടെ യുമായി 3500 പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യയിലെ പാലിയേറ്റിവ് കെയറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. എം. ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനം സാന്ത്വന പരിചരണം മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് ലക്ഷ്യമിടുന്നത്.
‘മരണം അടുക്കുമ്പോൾ അല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം ഭേദമാകില്ല എന്ന അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ഒരു ചിന്ത സമൂഹത്തിലുണ്ട്. എന്നാൽ, രോഗദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകി തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കണം. ഇതിലൂടെ ഒരു രോഗിക്ക് പാലിയേറ്റിവ് കെയറിൻ്റെ ആവശ്യം എപ്പോഴാണ് വരുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കും’
യു. എ. ഇ. യുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടു വരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. വേദന കുറക്കുക എന്നത് ഓരോ ആരോഗ്യ സേവന ദാതാവിൻ്റെയും ഉത്തരവാദിത്വമാണ്.
പാലിയേറ്റീവ് കെയർ എല്ലാ ആരോഗ്യ സംരക്ഷണ രീതികളിലും യോജിപ്പിക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുവാനും, മാനസികവും സാമൂഹികവുമായ പിന്തുണ വാഗ്ദാനം ചെയ്യുവാനും സാധിക്കും.
യു. എ. ഇ. യിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെൻ്റർ സ്ഥാപിക്കാനുള്ള ബുർജീലിൻ്റെ ലക്ഷ്യത്തെ കുറിച്ച് ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു.
യു. എ. ഇ. യിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യൻറ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർ മാനുമായ സോസൻ ജാഫർ, ബുർജീൽ സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. പ്രൊഫ. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.