തിരുവനന്തപുരം : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വഹിച്ചിരുന്നത്.
യു. എ. ഇ. യിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രളയ കാലത്ത് അദ്ദേഹം നീട്ടിയ സഹായ ഹസ്തം സ്മരണീയമാണ്. മത നിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ സ്വീകാര്യൻ ആയിരുന്നു.
യു. എ. ഇ. യുടെ ആധുനിക വൽക്കരണത്തിൽ അദ്ദേഹത്തിന്‍റെ നിർണ്ണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതിൽ കാണിച്ച ദീർഘ ദർശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദ പൂർണ്ണവുമായ ബന്ധം ഇന്ത്യൻ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലർത്തിപ്പോന്നു.
അങ്ങേയറ്റം ദുഃഖകരമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗം. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.