അബുദാബി : നാഷണല്‍ മീഡിയാ ഓഫീസ് ചെയർ മാനായി ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രി പദവിയുള്ള കാബിനറ്റ് റാങ്കോടെയാണ് നിയമനം.
അബുദാബി ഗവൺമെൻ്റ് മീഡിയ ഓഫീസിന് പകരമാണ് പുതിയ നാഷണല്‍ മീഡിയാ ഓഫീസ് എന്ന സ്ഥാപനം രൂപീകരിച്ചിട്ടുള്ളത്. ക്രിയേറ്റീവ് മീഡിയ അഥോറിറ്റിയും അബുദാബി മീഡിയ കമ്പനിയും ഇതിന്‍റെ കീഴിൽ പ്രവർത്തിക്കും.
രാജ്യത്തെ മാധ്യമ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശി ക്കുക, വികസിപ്പിക്കുക, അവലോകനം ചെയ്യുക, രാജ്യത്തിന്‍റെ മാധ്യമ കാഴ്ചപ്പാടും സന്ദേശവും ഏകോപിപ്പിച്ച് പ്രസിദ്ധം ചെയ്യുക, പ്രാദേശിക – രാജ്യാന്തര മാധ്യമ മേഖലയെ ശക്തിപ്പെടുത്തുക, രാജ്യതാൽപര്യം സംരക്ഷിക്കുക, രാജ്യത്തെ മാധ്യമ വ്യവസായത്തെ നയിക്കാൻ വൈദഗ്ധ്യമുള്ള തലമുറയെ ശാക്തീകരിക്കുക, മാധ്യമങ്ങൾക്ക് ഇടയിൽ സഹകരണം വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങള്‍. സ്വദേശത്തും വിദേശത്തുമുള്ള യു. എ. ഇ. യുടെ മാധ്യമ വിവരണങ്ങൾ തയ്യാറാക്കുക, വിലയിരുത്തുക, അവലോകനം ചെയ്യുക എന്നിവ നാഷണല്‍ മീഡിയാ ഓഫീസിന്‍റെ ഉത്തരവാദിത്വമാണ്.