
വെല്ലിംഗ്ടണ്‍: പഴ്സ് എടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്ഡന്. അവരും ഒരമ്മയായതു കൊണ്ടാണ് താന്‍ സഹായിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് ജസീന്ത പ്രതികരിച്ചത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ രണ്ട് മക്കളുമായി ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്സ് വീട്ടില്‍ നിന്നെടുത്തില്ലെന്ന് മനസ്സിലായത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച യുവതിയെ അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സഹായിക്കുകയായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് അവരുടെ പണമടച്ചു.
ആ യുവതി തന്നെയാണ് സംഭവം ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗും നടത്തിയ ശേഷം കയ്യില്‍ പണമില്ലാതെ നില്ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. പിന്നീട് ജസീന്ത തന്നെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.
























