അബുദാബി : കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോടൻ ഫെസ്റ്റ്’ സീസൺ -2, 2025 ജനുവരി 4, 5 ശനി, ഞായർ ദിവസ ങ്ങളിൽ ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊതിയൂറുന്ന കോഴിക്കോടൻ പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും ലഭ്യമാവുന്ന 30 ഓളം സ്റ്റാളുകളും ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള കലാ പരിപാടികൾ, റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും.
ആദ്യ ദിവസം ശനിയാഴ്ച രാത്രി ഏഴു മണിക്ക് മത സൗഹാർദ്ദ സദസ്സിൽ ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഫാദർ ഗീവർഗീസ്, സ്വാമി അഭിലാഷ് ഗോപി കുട്ടൻപിള്ള എന്നിവർ സംബന്ധിക്കും.
കോഴിക്കോടിൻ്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ഡോക്യൂമെന്ററി യുടെ പ്രദർശനം, ജില്ലയിലെ കെ. എം. സി. സി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വേറിട്ട പരിപാടികളും അരങ്ങേറും. രണ്ടു ദിവസങ്ങളിലും വൈകുന്നേരം 4 മണിക്ക് തുടക്കം കുറിക്കുന്ന കോഴിക്കോടൻ ഫെസ്റ്റിൽ ഇരുനൂറോളം കലാകാരന്മാർ അരങ്ങിൽ എത്തുന്ന വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും.
പ്രവാസികൾക്ക് നാടോർമ്മകൾ സമ്മാനിക്കുന്ന നയന ശ്രവ്യ മധുരമായ കാഴ്ചകൾക്കപ്പുറം ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ്, വീടില്ലാതെ കഷ്ടപ്പെടുന്ന ജില്ലയിലെ തെരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമ്മിച്ച് നൽകും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കാർ നൽകും. 13 മണ്ഡലം കമ്മറ്റി കളും 36 പഞ്ചായത്ത് -മുനിസിപ്പൽ കമ്മറ്റി കളുമുള്ള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്മ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പൺ ഹാർട്ട് തിയേറ്റർ, സി. എച്ച് സെൻറ റുമായി സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റർ തുടങ്ങിയവയാണ്.
കോഴിക്കോട് ഫെസ്റ്റിന് മുന്നോടിയായി വനിതകൾക്ക് പാചക മത്സരവും മെഹന്ദി മത്സരവും സംഘടിപ്പിച്ചു എന്നും സംഘാടകർ അറിയിച്ചു.
കെ. എം. സി. സി. നേതാവ് യു. അബ്ദുല്ല ഫാറൂഖി, ജില്ലാ പ്രസിഡണ്ട് സി. എച്ച്. ജാഫർ തങ്ങൾ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്റഫ് നജാത്, മജീദ് അത്തോളി, ബഷീർ കപ്ലിക്കണ്ടി, നൗഷാദ് കൊയിലാണ്ടി, അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, ഷഹീർ ഫാറൂഖി, ഷറഫ് കടമേരി എന്നിവർ പങ്കെടുത്തു.