അബുദാബി : കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച യു. എ. ഇ. തല യുവജനോത്സവത്തിന്‍റെ കലാ മത്സര ങ്ങൾ സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന മത്സരം പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി.
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 24 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കിഡ്സ് . ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജന്‍റ്സ് ആൻഡ് ലേഡീസ് എന്നീ വിഭാഗങ്ങളില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം പേർ പങ്കെടുത്തു.
കിഡ്സ് വിഭാഗത്തിൽ നിതാര വിനേഷ്, സബ് ജൂനിയർ വിഭാഗത്തിൽ ശിവാനി സഞ്ജീവ്, ജൂനിയർ വിഭാഗ ത്തിൽ അനഘ സുജിൽ, സീനിയർ വിഭാഗ ത്തിൽ ഗൗരി ജ്യോതിലാൽ, സൂപ്പർ സീനിയർ വിഭാഗ ത്തിൽ മറിയ സിറിയക് എന്നിവർ കൂടുതൽ പോയിന്‍റുകൾ നേടി ‘ബെസ്റ്റ് പെർഫോർമർ’ അവാർഡ് കരസ്ഥമാക്കി.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ഉസ്താദ് ബിസ്മില്ലാ ഖാൻ (ഷെഹനായ്), പണ്ഡിറ്റ് ശിവ കുമാർ ശർമ്മ (സന്തൂർ), മൃണാളിനി സാരാഭായ് (ക്ലാസ്സിക്കല്‍ ഡാൻസ്), എം. എഫ്. ഹുസൈൻ (പെയിന്‍റിംഗ്) എന്നിവരുടെ നാമധേയത്തിലുള്ള നാല് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.
അതാത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച, നാട്ടിൽ നിന്നുമെത്തിയ പ്രശസ്തരാണ് മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തിയത്. ഓരോ മത്സരങ്ങളും അവസാനിച്ച ഉടനെ ഫല പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി, വളണ്ടിയർ വിഭാഗം എന്നിവർ കലാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.