കൊച്ചി : കൃത്രിമ ബീജസങ്കലനം വഴി ഗർഭം ധരിച്ച സിംഗിൾ പേരന്റും അവിവാഹിതയായ സ്ത്രീയും പ്രസവിച്ച കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണം എന്നത് മൗലിക അവകാശത്തിന്റെ ലംഘനം എന്നു ഹൈക്കോടതി.
കൃത്രിമ ഗർഭ ധാരണ മാർഗ്ഗങ്ങളിലൂടെ ജനിച്ച കുഞ്ഞിനെ ഒറ്റക്കു വളർത്തുന്ന അമ്മയുടെ (സിംഗിൾ മദർ) കുഞ്ഞി ന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖ പ്പെടുത്തണം എന്നു നിർദ്ദേശിക്കുന്ന വ്യവസ്ഥ റദ്ദു ചെയ്യണം എന്ന്‍ ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം സ്വദേശിനി നൽകിയ ഹർജി യിലാണു ഹൈക്കോടതി ഉത്തരവ്.
ഹർജിക്കാരി എട്ടു മാസം ഗർഭിണി ആയതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരി ക്കുവാന്‍ സർക്കാരിനും ജനന – മരണ ചീഫ് റജിസ്ട്രാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.
അസിസ്റ്റഡ് റി-പ്രൊഡക്ടീവ് ടെക്നോളജീസ് (എ. ആർ. ടി.) വഴി ഗർഭിണി ആയാൽ ബീജ ദാതാവിന്റെ പേര് നിർബ്ബന്ധമായ സാഹചര്യങ്ങളില്‍ ഒഴികെ നിയമ പരമായി വെളിപ്പെടുത്തേണ്ടതില്ല എന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന – മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ പുറപ്പെടു വിക്കണം എന്നും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
വിവാഹ മോചനം നേടിയ ശേഷം അജ്ഞാത ദാതാ വിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടി ലൈസേ ഷനിലൂടെ യാണു (ഐ. വി. എഫ്.) ഗർഭം ധരിക്കുന്നത് എന്നും ഇത്തരത്തിൽ ഗര്‍ഭിണി ആയവരോട് ബീജം നല്‍കിയത് ആരാണ് എന്നു അറിയിക്കാറില്ല എന്നും ഹർജിക്കാരി സൂചിപ്പിച്ചു.
അജ്ഞാതമായി സൂക്ഷിക്കേണ്ടതായ ഈ വിവരം രേഖപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് മൗലിക അവകാശ ങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു എന്നും സാങ്കേതിക വിദ്യയുടെ വികാസ ത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തി വരുന്നു എന്നും കോടതി ചൂണ്ടിക്കാണിച്ചു.