
അബുദാബി : കെ. എം. സി. സി. അബുദാബി കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദി കേരള ഫെസ്റ്റ്’ 2024 ഫെബ്രുവരി 9, 10, 11, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.
നാടൻ രുചിക്കൂട്ടുകൾ ലഭ്യമാവുന്ന സ്റ്റാളുകൾ ഉൾപ്പെടുന്ന ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി 25 ഓളം സ്റ്റാളുകൾ, സംഗീത നിശ, ഹാസ്യ വിരുന്ന് അടക്കമുള്ള വിവിധ നൃത്ത സംഗീത കലാ പരിപാടികൾ എന്നിവ മൂന്നു ദിവസങ്ങളിലായി ദി കേരള ഫെസ്റ്റിനു മാറ്റു കൂട്ടും.
ഫെബ്രുവരി 9, വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ തുടക്കമാവുന്ന ‘ദി കേരള ഫെസ്റ്റ്’ കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോർത്തിണക്കിയുള്ള ഘോഷ യാത്രയോടെയാണ് ആരംഭിക്കുക.
രാത്രി എട്ടു മണിക്ക് ബിൻസിയും മജ്‌ബൂറും ചേർന്ന് അവതരിപ്പിക്കുന്ന സൂഫി സംഗീത നിശയും വിവിധ കലാപരിപാടികളും അരങ്ങേറും.
ഫെബ്രുവരി 10 ശനി വൈകുന്നേരം 4 മണി മുതൽ 6 വരെ പ്രശസ്ത മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ, പി. ജി. സുരേഷ് കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി തുടങ്ങിയവർ പങ്കെടുക്കുന്ന Media Dialogue ടോക്ക് ഷോ അരങ്ങേറും.
രാത്രിയിൽ ജനപ്രിയ കോമഡി ഷോ മറിമായം, മറ്റു വിവിധ കലാ പരിപാടികളും അരങ്ങേറും.
ഫെബ്രുവരി 11 ഞായർ ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ ‘Diaspora Summit’ എന്ന തലക്കെട്ടിൽ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിക്കും.
ദി കേരള ഫെസ്റ്റ് വേദിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കിട്ട് എടുത്ത് ഒന്നാം സമ്മാനം കാർ, കൂടാതെ നൂറോളം ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.