ദുബായ് : ഗൾഫ് മേഖലയിലെ കർണാടക ഇതിഹാസ ങ്ങളുടെ പൈതൃകം, സംസ്കാരം, സംഭാവനകൾ എന്നിവ വ്യക്തമാക്കുന്ന ‘ഗൾഫ് കർണാടകോത്സവം’ 2023 സെപ്റ്റംബർ 10 ന് ദുബായ് ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും.
കർണാടക ഉപ മുഖ്യമന്ത്രി ഡി. കെ. ശിവ കുമാർ, നിയമ സഭാ സ്പീക്കർ യു. ടി. ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. കർണാടകയുടെ പൈതൃകത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ‘ഗൾഫ് കർണാടക രത്ന അവാർഡ് 2023’ നൽകി ആദരിക്കും.
യു. എ. ഇ. യിൽ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഈ സംഗമം ലോകമെമ്പാടുമുള്ള പ്രമുഖരെയും കലാ കാരന്മാരെയും ഒരുമിച്ച് കൊണ്ടു വരുന്ന ആഘോഷ സായാഹ്നമാകും.
കർണാടകയുടെ സമ്പന്നമായ സാംസ്കാരിക മേള യെക്കുറിച്ച് അവബോധം നൽകുന്ന ‘ഗൾഫ് കർണാടകോത്സവം’ പ്രോഗ്രാമിൽ ആയിരത്തിൽ അധികം അതിഥികൾ പങ്കെടുക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീത പരിപാടികൾ അവതരിപ്പിക്കും.
കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോള തലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമാണ് ‘ഗൾഫ് കർണാടകോത്സവം’ എന്നു സംഘാടകര്‍ അറിയിച്ചു.