അബുദാബി : 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച ഉച്ച മുതല് ശനി, ഞായര് എന്നീ ദിവസങ്ങള് കൂടി രണ്ടര ദിവസവും ആയിരിക്കും എന്ന് അധികൃതര്. ഈ പ്രഖ്യാപനം അനുസരിച്ച് സര്ക്കാര് ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള് ആഴ്ചയിൽ നാലര ദിവസം ആയിരിക്കും. എന്നാല് പ്രതിദിന പ്രവൃത്തി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കുകയും ചെയ്യും.
തിങ്കള്, ചൊവ്വ, ബുധന്, വ്യാഴം എന്നീ ദിവസങ്ങളില് രാവിലെ 7.30 മുതൽ ഉച്ച തിരിഞ്ഞ് 3.30 വരെ സര്ക്കാര് ഓഫീസുകള് പ്രവര്ത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.00 വരെയും.
നിലവിൽ സര്ക്കാര് തലത്തില് മാത്രമാണ് വാരാന്ത്യ അവധി മാറ്റം നടപ്പാക്കുന്നത്. തുടര്ന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാകും എന്നു കരുതുന്നു.
രാജ്യത്തെ ഏഴു പ്രവിശ്യകളെയും ചേര്ത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ച 1971 മുതൽ 1999 വരെ വാരാന്ത്യ അവധി വെള്ളിയാഴ്ച ആയിരുന്നു. പിന്നീട് 2006 വരെ വ്യാഴാഴ്ച കൂടി ചേര്ത്ത് രണ്ടു ദിവസങ്ങള് വാരാന്ത്യ അവധി ആക്കി മാറ്റിയിരുന്നു. തുടര്ന്ന് 2006 മുതല് വ്യാഴം പ്രവൃത്തി ദിനം ആക്കുകയും വെള്ളി, ശനി എന്നീ ദിവസങ്ങൾ വാരാന്ത്യ അവധി ആക്കുകയും ചെയ്തു.
രാജ്യം അന്പതാം ജന്മ വാര്ഷികം ആഘോഷിക്കുന്ന വേളയിലാണ് അറബ് രാജ്യങ്ങള്ക്ക് അനുകരിക്കാവുന്ന ഈ സമഗ്ര മാറ്റങ്ങള് യു. എ. ഇ. പ്രാവര്ത്തികം ആക്കുന്നത്.