ചണ്ഡീഗഢ് : മുസ്ലീം വ്യക്തി നിയമം അനുസരിച്ച് പതിനാറാം വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാം എന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി. ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍ കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരം ഇഷ്ടമുള്ള ആളെ തന്നെ പെണ്‍ കുട്ടിക്ക് ഭര്‍ത്താവായി സ്വീകരിക്കാം. 16 വയസ്സു മുതല്‍ 21 വയസ്സു വരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാ പിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കണം എന്നും ഹൈക്കോടതി പ്രസ്താവിച്ചു.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍ കോട്ടുകാരായ മുസ്‌ലിം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദി വിധി പ്രസ്താവിച്ചത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
2022 ജനുവരിയിലാണ് ഇവര്‍ ഇസ്‌ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹത്തിന് എതിരായിരുന്നു. നിയമ പരമല്ലാത്ത വിവാഹം എന്നു പറഞ്ഞ് ഇരു കുടുംബങ്ങളും തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
‘പ്രിൻസിപ്പ്ൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന ഗ്രന്ഥത്തിലെ 195-ാം അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍ കുട്ടിക്കും 21 വയസ്സുള്ള പുരുഷനും ഇസ്ലാമിക നിയമ പ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെ താല്പര്യത്തിന്ന് എതിരായിട്ടാണ് വിവാഹം കഴിച്ചത് എന്നതു കൊണ്ടു മാത്രം ഭരണ ഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല.
പഞ്ചാബ് – ഹരിയാന കോടതിയുടെ സുപ്രധാന വിധി ഇവിടെ വായിക്കാം. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കുവാനും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുവാനും കോടതി ഉത്തരവിട്ടു.